12.31.2016

കത്തിജ്വലിക്കുന്ന
സൂര്യനെക്കാള്‍
സൗന്ദര്യം 
നിലാരാത്രിയില്‍


നീരാടുന്ന ചന്ദ്രനല്ലെ.......1
അതിലും മനോഹരം
കൂരിരുട്ടില്‍ ഇളകിയാടുന്ന
ഒരുതിരി വെളിച്ചമല്ലേ.....!

4.30.2016

ഒരിക്കല്‍കൂടി


എഴുത്തുപുരയ്ക്കു തീവച്ചു
മനപ്പുസ്തകത്തില്‍ മഷികമഴ്ത്തിക്കറുപ്പിച്ചു
വികാരത്തെ നിഴല്‍കൊണ്ടു മറച്ചു
കരള്‍തുളുമ്പിപ്പുറത്തുവന്ന 
പ്രതിജ്ഞകള്‍ ചിലരെങ്കിലും കേട്ടെന്നുവരാം
വിരല്‍പ്പൊട്ടുകുത്തിയ നെറ്റിയിലാഴത്തിലൊരു
മരംനട്ടുഞാന്‍..
നിരവധി ശിഖരങ്ങളും 
പടുകൂറ്റന്‍ വേരുകളുമുളള ആത്മാവ്.
തിരച്ചറിയാനാകില്ലയാര്‍ക്കും എന്നിലെയെന്നെ
താഴേക്കുവളരുന്ന സന്ദേഹം
തൊണ്ടയില്‍ക്കുടുങ്ങി നട്ടംതിരിയും

കൈകാലുകള്‍കെട്ടി വായ്മൂടിയെടുത്തുചാടി
 ശ്വാസംമുടങ്ങുന്നില്ല
ഹൃദയം നിലയ്ക്കുന്നില്ല....
ഭാവിയെയവിടെയുപേക്ഷിച്ച്
വര്‍ത്തമാനത്തെ പിന്നിലാക്കി
ഭൂതകാലത്തേക്കു ഞാനുയര്‍ന്നുപൊങ്ങി....
ഒരിക്കല്‍ക്കൂടി.....................

3.02.2016

വേളി



ദര്‍പ്പശിഖിരസുഖോന്മുഖമായ
പ്രകൃത്യാന്തര നുകത്തെ
ഉപ്പുവെളളപ്പാച്ചിലില്‍ മുക്കിയെടുത്തുമ്മവെ-
ച്ചുമ്മറത്തെ ചാരുകസേരയിലിരുത്തിയ-
ച്ഛന്റെ പുരികമധ്യത്തിലെ വിയര്‍പ്പുതുടച്ചവള്‍
പറഞ്ഞു; ബധിരമോഹബലാത്ക്കാരക്കയത്തില്‍
നിവര്‍ന്നുനിടര്‍ന്നുവീണ ഭീതിയെ അടിവയറ്റിലൊതുക്കി
നിര്‍ത്തിയ ധീരകഥയേക്കുറിച്ച്!
അഥര്‍വ്വവേദ വിധിപ്പകര്‍പ്പുകള്‍ക്കതിര്‍ത്തി
നിശ്ചയിച്ചമര്‍ത്തിപ്പിടിച്ച നീതിസാരം
കണ്‍പോളതുളച്ചു പുറത്തുകടുവന്നതിനിടെ.
ഇനിവയ്യ കാശിചുറ്റിയകേളീവിലാസം
പിന്നോട്ടോടണം അഗ്നിസാക്ഷിയായി മാനംവിറ്റസംസ്‌ക്കാര
വിഭ്രമത്തിനും മുന്‍പേ...

1.20.2016

സമ്മാനം


കറുത്ത വേനലും 
വെളുത്ത മഴയും
ചുവന്ന മഞ്ഞും
സമ്മാനിച്ചാണവള്‍
പിരിഞ്ഞത്.......
ആ സമ്മാനങ്ങളി-
ന്നുമെനിക്കൊപ്പമുണ്ട്.
ആ വേനലും മഴയും മഞ്ഞും...
പക്ഷെ നിറങ്ങള്‍...!
കറുപ്പു വെളുത്തു
വെളുപ്പു കറുത്തു
ചുവപ്പ് മങ്ങിമങ്ങിയില്ലാതായി...!